ആത്മഹത്യ കുറിപ്പ്
ഈ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ എൻ്റെ അന്തകൻ ആകാൻ പോകുന്ന വാഹനം കാത്തു കിടക്കുമ്പോൾ, ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടത്തിനു സമയം ഉണ്ടെന്നു തോന്നുന്നു.
എവിടെയാണെനിക്ക് കാലിടറിയത്. അമ്മയുടെ ഗർഭ പാത്രത്തിൽ വെച്ചോ, അതോ ബാല്യ കൗമാര യൗവന ദശകളിലോ. എവിടെ ആണെങ്കിലും തിരിച്ചു കിട്ടാത്ത വിധം ജീവിത ചക്രം ഒരുപാടു ഭ്രമണങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു .
ബാല്യത്തിൽ ഞാൻ ഒരു രാജകുമാരനായിരുന്നു, യാചകൻെയും ജന്മിയുടെയും വ്യത്യാസങ്ങൾ ഞാൻ അറിഞ്ഞിരുന്നില്ല. ഒരു പക്ഷെ എന്നെ അറിയിച്ചിരുന്നില്ല. ആ വ്യത്യാസങ്ങൾ എന്നിൽ നിന്നു മറച്ചു പിടിക്കപ്പെട്ടിരുന്നു. എൻ്റെ മാതാപിതാക്കളുടെ സ്നേഹം !
മാതാപിതാക്കളുടെയും കളികൂട്ടുകാരുടെയും ലോകത്തു നിന്നു മത്സര ബുദ്ധിയുള്ള ഒരു ലോകത്തേക്ക് പെടുന്നെനെ ഞാൻ പറിച്ചുനടപ്പെട്ടു.
ജീവിതത്തിൻ്റെ ചൂടുള്ള യാഥാർത്യം ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി. ഒരു തൊഴിൽ നേടുകയായിരുന്നു ജീവിത ലക്ഷ്യം. ഒരു കിടയറ്റ കാവൽക്കാരനാകുക എന്നതു ജീവിത വൃതവും.നിർമ്മിത ബുദ്ധിയും ആഗോളവത്കരണവും വിദേശ മൂലധനവും അവിടെയും എനിക്ക് വിലങ്ങുതടിയായി. ഞാൻ തിരസ്കരിക്കപ്പെട്ടു.നിർമിത ബുദ്ധിയും വിദേശ ഇറക്കുമതിയും എന്നെ നോക്കി പല്ലിളിക്കുനത് ചില വീടുകളിൽ ഞാൻ കണ്ടു.
ആ ജീവിത യാത്രയിൽ കുറച് ആശ്വാസമായത് എൻ്റെ പ്രണയമായിരുന്നു. പക്ഷെ തൊഴിലില്ലാത്തവന്റെ പ്രണയത്തിനു എന്തു വില എന്ന ചോദ്യം എന്റെ മനസ്സിൽ അവശേഷിക്കുന്നു. എന്റെ പ്രണയ ചേഷ്ട്ടകൾ പോലും തെറ്റിദ്ധരിക്കപ്പെട്ടു. ഞങ്ങളുടെ പരസ്യമായ സ്നേഹ പ്രകടനങ്ങളിൽ അസ്വസ്ഥരായ സദാചാരവാദികൾ ഞങ്ങളെ കല്ലെറിഞ്ഞു ഓടിച്ചു. എന്താ, ഈ ലോകം ഞങ്ങൾക്കു കൂടി അവകാശപെട്ടതല്ലേ ?
പ്രതികരിക്കാൻ കഴിയാതെ പോയ എന്നെ നോക്കി, പരിഭവത്തോടെ നടന്നകലുന്ന പ്രണയിനിയെ നോക്കി നിൽക്കാനേ എനിക്കു കഴിഞ്ഞൊള്ളു.
തൊഴിലും പ്രണയവും നഷ്ടപെട്ടവനു അന്നം കൂടി നഷ്ടപ്പെട്ടാൽ എന്താകും അവസ്ഥ. മഹാമാരിയുടെ വരവോടെ അന്നം മുട്ടിയവർ പലരും വീട് വിട്ടു പുറത്തിറങ്ങാതായി. പട്ടിണി മരണം കൺമുൻപിൽ പത്തിവിരിച്ചാടി. അതിലും ഭേദം ആത്മഹത്യ ആണെന്ന തോന്നൽ എങ്ങനെ വന്നെന്നറിയില്ല.
ഒരു ഹോൺ ശബ്ദം എന്നെ ചിന്തകളിൽ നിന്നു മോചിപ്പിച്ചു. ഒരു പക്ഷെ ഇതാകാം ഞാൻ പ്രതീക്ഷിച്ച വാഹനം.
എൻ്റെ പേര് ടോമി
ഞാൻ ഒരു തെരുവ്വ് നായാണ്.
PS: ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഒരു തെരുവ് നായയാണു ഈ കുറിപ്പെഴുതാൻ ലേഖകനെ പ്രേരിപ്പിച്ചത്.
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല.

നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂSharp words, well composed! നല്ല ഭാഷയും.. ഇതാരുവ്വാ? എനിക്കങ്ങോട്ടു മനസ്സിലാവുന്നില്ലല്ലോ... 🤔🤔
മറുപടിഇല്ലാതാക്കൂ