ജന്മദിനാഘോഷം

 

ഹാപ്പി ബര്ത്ഡേ മോനെ ..

 അമ്മയുടെ  ശബ്ദം  കേട്ടാണ്  ഞാൻ  ഉണർന്നത് . സുഖ നിദ്രയുടെ ആലസ്യത്തിലും  അമ്മയുടെ ശബ്ദം  ഒരു  തേന്മഴ  പോലെ തോന്നി . ഇന്ന്  കിട്ടാൻ  പോകുന്ന  സമ്മാനങ്ങളുടെ  നീണ്ട  നിര  ഒരുപക്ഷെ  എന്നെ  മോഹാലസ്യപ്പെടുത്തുമാരിക്കും . അച്ഛന്റെ  കാർക്കശ്യത്തിലും അമ്മയുടെ ലാളനയിലും വളർന്ന എനിക്ക്    ജന്മദിനം  വളരെ പ്രിയപ്പെട്ടതാണ് . പാരമ്പര്യമായി  കിട്ടേണ്ട  ഔദ്യോഗിക  ചിഹ്നങ്ങളുടെ  ആദ്യ  ഗഡു  ഇന്ന് കിട്ടുമായിരിക്കും .

 അമ്മ   വീണ്ടും  എന്തോ  പറയുന്നുണ്ടായിരുന്നു . നിദ്രയുടെ ആലസ്യത്തിലും ഞാൻ  കാതുകൂർപ്പിച്ചു .എന്താ മോനെ  എണീക്കാത്തതു ? കുറുമ്പ്  ഇച്ചിരി  കൂടുന്നുണ്ട് . നീ  അറിയാത്ത  ചില  സുപ്രധാന  കാര്യങ്ങൾ  എനിക്ക്  നിന്നോട്  പറയാനുണ്ട് .

മോനെ..നമ്മൾ വളരെ  ശക്തരാണ് . ലോകം താങ്ങി നിർത്തുന്നത്  തന്നെ  നമ്മൾ ആണ് .ജീവനുള്ളതും  ജീവൻ ഇല്ലാത്തതുമായ  സർവ്വതും നമ്മുടെ  അനുഗ്രഹത്തിനായി  കാത്തിരിക്കുന്നു . പക്ഷെ യുഗത്തിൽ  നമ്മൾ ഒന്നിലും ഇടപെടാറില്ല , ഇടപെടാൻ  കഴിയ്ത്തുമില്ല .ഇന്ന്  നിൻറെ  ജന്മദിനം  നമ്മൾ  മാത്രമല്ല  ആഘോഷിക്കുന്നത് .ഇക്ഷാകു  നിവാസികളും  വളരെ  കെങ്കേമായി  ആഘോഷിക്കുന്നുണ്ട് . നമ്മളെ  ക്ഷണിക്കേണ്ട  ആവശ്യമില്ലെങ്കിലും  ,നമ്മൾക്കവിടെ  പ്രവേശനമില്ല . പക്ഷെ  അവരുടെ  പ്രാർത്ഥനകൾ  ഇന്നുമുതൽ  നിന്റെ ചെവിയിൽ  മുഴങ്ങിക്കൊണ്ടിരിക്കും .

അമ്മ  പറഞ്ഞതിൻറെ  മുഴുവൻ  പൊരുളും എന്റെ കുഞ്ഞു മനസിന്  ഗ്രഹിക്കാൻ  കഴിഞ്ഞില്ലെങ്കിലും  " നമ്മൾ  ശക്തരാണ് " എന്ന  വാക്കുമാത്രം വളരെ ആഴത്തിൽ പതിഞ്ഞു .

ഇക്ഷാകു നിവാസികളുടെ  ജന്മദിനാഘോഷം  എനിക്കൊരു  പുതിയ അറിവായിരുന്നു .അച്ഛന്റെ  വിളി കേട്ട് അമ്മ  പോയപ്പോഴും  എന്റെ മനസ്സ്  ഇക്ഷാകു രാജ്യത്തെ  ചുറ്റിപറ്റി  പറന്നുകൊണ്ടിരിന്നു . ജന്മദിനാഘോഷം  കാണാൻ  എന്റെ മനസ്സ്  വല്ലാതെ  വെമ്പൽ കൊണ്ടു .അനുവാദം ചോദിച്ചാൽ കിട്ടില്ല,  ഒളിച്ചു കടക്കുക  തന്നെ   വേണം .അച്ഛനറിഞ്ഞാൽ  ശിക്ഷക്ക്  ഒരു മയവും കാണില്ല .തല വെട്ടുന്ന പാരമ്പര്യമാണ്  അച്ഛന് .

ഒടുവിൽ ഉച്ച  ഉറക്കത്തിൻറെ  നേരത്തു  ഒളിച്ചു  കടക്കാൻ തന്നെ തീരുമാനിച്ചു .വളരെ ശ്രമകരമായ  യാത്രയായിരുന്നു അത് .പ്രകാശ  വേഗത്തിൽ  പലതിനേയും  ഞാൻ മറികടന്നു .ഒടുക്കം  ഇക്ഷാകു  രാജ്യത്തിൻറെ  ആകാശവീഥിയിൽ  ഞാൻ  എത്തിച്ചേർന്നു .

കണ്ണിനു  കുളിർമ്മയേകുന്ന ഒരു  വലിയ  ജാഥയാണ്  എന്നെ വരവേറ്റത് .കൊടിതോരണങ്ങളും  കെട്ടുകാഴ്ചകളും കൊണ്ട്  സമ്പുഷ്ടമായിരുന്നു  ഘോഷയാത്ര .വലിയൊരു ജനാവലി തന്നെ അവിടെയുണ്ടായിരുന്നു .എല്ലാവരും എന്റെ സ്തുതിഗീതങ്ങൾ വളരെ ഉച്ചത്തിൽ ആലപിക്കുന്നുണ്ടായിരുന്നു ." ഭക്തി സാന്ദ്രമായ അന്തരീക്ഷം ". ഒരിക്കൽ പോലും എന്നെ  നേരിട്ടു  കണ്ടിട്ടില്ലാത്ത  ഇക്ഷാകു നിവാസികൾ എന്റെ ജന്മദിനം ഇത്ര കെങ്കേമമായി ആഘോഷിക്കുന്നത്  കണ്ടപ്പോൾ  എനിക്ക്  രോമാഞ്ചം  വന്നു എന്ന് പറഞ്ഞാൽ  പോലും തെറ്റില്ല .

എന്നെ ഇത്രയധികം സ്നേഹിക്കുന്ന ഇവരുടെ  പ്രാർത്ഥനകൾ  ഞാൻ സാധിച്ചു കൊടുക്കുക  തന്നെ  ചെയ്യും  എന്ന ചിന്തയോടെ  തിരിച്ചു പോകാൻ ഒരുങ്ങിയപ്പോഴാണ് , അപകടത്തിൽപെട്ടു  ചികിത്സക്ക്  പോകുന്ന ഒരു യുവതി ഘോഷയാത്രയുടെ  ഏറ്റവും പുറകിലെത്തിയതായി  എന്റെ ശ്രദ്ദയിൽപെട്ടതു .അവരും എന്റെ പേര് ചൊല്ലി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു .ഇക്ഷാകു നിവാസികൾ  വഴിയൊരുക്കും എന്ന പ്രതീക്ഷയോടെ  ഞാൻ നോക്കി നിന്നു .എന്റെ പ്രതീക്ഷ  അസ്ഥാനത്തായിരുന്നു .കുഞ്ഞുനാളിൽ  അച്ഛൻ  കളിയ്ക്കാൻ തന്ന  മാന്ത്രികചതുരത്തിലെ  കുരുക്കുകളേക്കാൾ വലുതായിരുന്നു ഘോഷയാത്രയിലെ കുരുക്കുകൾ .ചങ്ങലയിലെ  ഒരു കണ്ണി  വഴി ഒരുക്കാൻ  ശ്രമിക്കുമ്പോൾ  മറ്റേ കണ്ണി  ഇടംതിരിഞ്ഞു നിൽക്കും .എണ്ണയിട്ട  യന്ത്രം പോലെ  എല്ലാ  കണ്ണികളും  ഒരുപോലെ ശ്രമിച്ചിരുന്നെങ്കിൽ , ഒരുപക്ഷെ ?

വളരെ നേരത്തെ ശ്രമത്തിനു ശേഷം ,ക്ഷീണിതയായ  യുവതിക്ക്  ഘോഷയാത്രയുടെ  പകുതിപോലും കടക്കാൻ  കഴിഞ്ഞില്ല .മൃത്യുപാശം അവരുടെ കഴുത്തിൽ മുറുകുന്നത് ഞാൻ കണ്ടു.ഞാൻ കേട്ടു പരിചയിച്ച  എന്റെ അസാമാന്യമായ  ശക്തി പ്രയോഗിച്ചിട്ടു പോലും , ഘോഷയാത്രയുടെ കണ്ണികളെ  അകത്തി  യുവതിയെ മൃത്യുപാശത്തിൽ നിന്ന് മോചിപ്പിക്കാൻ എനിക്കായില്ല .അവർ ഊർദ്ധശ്വാസം  വലിച്ചു.സ്തമ്പിച്ചു നിന്ന ഇക്ഷാകു നിവാസികളോട്  പറയാൻ കഴിഞ്ഞിരുനെങ്കിൽ ഞാൻ പറഞ്ഞേനെ ,"ഹേ  ഇക്ഷാകു  നിവാസികളെ ,ഞാൻ അശക്തനാണ് ".

അമ്മയുടെ മടിത്തട്ടിൽ ഒരു തുള്ളി കണ്ണുനീർ  വീഴ്ത്തിക്കൊണ്ടാണ്  ജന്മദിനം അവസാനിച്ചത് .

"അമ്മേ , എനിക്ക്  ഇനി ജന്മദിനാഘോഷം വേണ്ട ".

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വെള്ളിയാഴ്ച

ആത്‍മഹത്യ കുറിപ്പ്