വെള്ളിയാഴ്ച

കാലം തെറ്റി പെയ്യുന്ന മഴ തുടച്ചു നീക്കുന്നത് ചില മാലിന്യങ്ങളെ ആണ്.

മാലിന്യങ്ങൾ ഒരു പക്ഷെ ഞാൻ ആകാം, നിങ്ങൾ ആകാം, നമ്മുടെ സ്വാർത്ഥതയാകാം.

ഒരു വർഷത്തോളമായി ഞാൻ ഒറ്റപ്പാലം നഗരിയിൽ സ്ഥലം മാറ്റം കിട്ടി വന്നിട്ട്. നിളയുടെ തീരത്തുള്ള ഒരു സുന്ദര നഗരമാണ് ഒറ്റപ്പാലം.

നിളാ നദിയും വരിക്കാശ്ശേരി മനയും കൊണ്ട് പേര് കേട്ട നഗരം.

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ഓഫീസിലെ ജോലി ഒക്കെ ഒതുക്കി പതിവ് പോലെ വൈകുന്നേരം ഹോട്ടൽ നിളയിൽ പോയി രാത്രി ഭക്ഷണം നേരെത്തെ തന്നെ അകത്താക്കി. ഭക്ഷണ ശേഷം ഹോട്ടലിൽ നിന്ന് സ്റ്റാൻഡിലേക്ക് ഒരു ചെറിയ നടത്തവും നടന്നു. തൃശ്ശൂരോട്ടുള്ള എല്ലാം ബസ്സും നിറയെ ആളുകളുമായിട്ടാണ് പോകുന്നത്.

തൃശ്ശൂരോട്ടുള്ള ഒരു ബസ്സിൽ ഞാൻ വല്ല വിധേനെയും ചാടി കയറി. ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു. ഏറ്റവും പുറകിലാണ് സീറ്റ് കിട്ടിയത്.  പതിവ് പോലെ സീറ്റിൽ ചാരിയിരുന്നു ഹെഡ് ഫോണിൽ പാട്ട് കേൾക്കുകയായിരുന്ന ഞാൻ പെട്ടെന്ന് ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. ബസ്സിന്റെ പുറകു വശം ഒരു ബൈക്ക് യാത്രികനെ തട്ടി മറിച്ചിട്ടു കഴിഞ്ഞിരുന്നു. അടുത്തുള്ള ഓടയിലേക്കു അയാൾ ബൈക്ക് അടക്കം മറിഞ്ഞു വീഴുന്നത് ഞാൻ കണ്ടു.  ഒരു നടുക്കത്തോടെ സീറ്റിൽ നിന്നും എഴുന്നേറ്റ ഞാൻ കണ്ടക്ടറോഡും മറ്റു യാത്രക്കാരോടും ബസ് നിർത്താൻ വേണ്ടി പറഞ്ഞെങ്കിലും ആരും കൂട്ടാക്കിയില്ല. എല്ലാവരും അപകടം സൗകര്യപൂർവം മറക്കാൻ ശ്രമിക്കുന്ന പോലെ തോന്നി.

കുറെ നേരം തർക്കിച്ചെങ്കിലും ഒരു ഉപയോഗവും ഉണ്ടായില്ല. ചെറിയ ഒരു കുറ്റബോധത്തോടെ  സീറ്റിൽ തിരിച്ചിരിക്കാനും, ബസ് നിർത്തിക്കാൻ കഴിയാത്തതിൽ സ്വയം വിമർശിക്കാനും മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.  ഏതോ ഒരു ബൈക്ക് യാത്രക്കാരനെ പറ്റി ആർക്കും ഒരു ആശങ്ക ഇല്ലാരുന്നു എന്ന് തന്നെ പറയാം, എനിക്കും.

ഒറ്റപ്പാലത്തു നിന്നും തൃശൂർ എത്താൻ ഏതാണ്ട് രണ്ടു മണിക്കൂർ എടുത്തു. പത്തനംതിട്ടക്കുള്ള KSRTC രാത്രി 12 മണിക്കാണ് എത്തുക. നേരെത്തെ ബുക്ക് ചെയ്തത് കാരണം സീറ്റിനു കുഴപ്പം ഇല്ല. രണ്ടു മണിക്കൂറോളം സമയം ബാക്കിയുണ്ട്. കുറെ നേരം ബസ് സ്റ്റാൻഡ് പരിസരത്തു ചുറ്റി നടന്ന ശേഷം മൊബൈലിൽ ഒരു സിനിമ കാണാൻ വേണ്ടി ബസ് സ്റ്റാൻഡിന്റെ ഒരു മൂലയ്ക്ക് കുത്തിയിരുപ്പായി. ഏതാണ്ട് ഒരു 11 : 45 ആയപ്പോൾ സിനിമ കാണുന്നത് നിർത്തി, ഒരു ചായയും കുടിച്ചു മൂത്രവും ഒഴിച്ചിട്ടു നിന്നപ്പോൾ, കണ്ടക്ടറുടെ വിളി ഫോണിൽ വന്നു. ഞാൻ സ്റ്റാൻഡിൽ എത്തിയിട്ടുണ്ടോ എന്നറിയാൻ ആണ്. മറുപടിയുടെ കൂടെ ഒരു നന്ദിയും അറിയിച്ചിട്ട് ഞാൻ വണ്ടിയും നോക്കി ഇരുപ്പായി.

12 കഴിഞ്ഞു ഒരു 5  മിനിറ്റ് ആയപ്പോൾ തന്നെ ബസ് എത്തി. സീറ്റ് ബുക്ക് ചെയ്തതിനാൽ തിരക്കുണ്ടാരുനെങ്കിലും പ്രശ്നമുണ്ടായില്ല. ബസ്സിൽ സ്ഥിരം യാത്രക്കാരെ കൂടാതെ ചില പുതു മുഖങ്ങളും ഉണ്ടായിരുന്നു. ഭൂരിഭാഗം പേരും ശനിയും ഞായറും അവധി ആയതിനാൽ ജോലി സ്ഥലത്തു നിന്നും വീട്ടിലേക്കു പോകുന്ന യാത്രക്കാരായിരുന്നു.

രാത്രികാല യാത്ര ആയതിനാൽ ഞാൻ പൊതുവെ  ഡ്രൈവറുടെ   അടുത്തുള്ള സീറ്റ് ആണ് ബുക്ക് ചെയാറുള്ളത്. അതാകുമ്പോ പുള്ളിയോട് കുറച് കൊച്ചു വർത്തമാനം ഒക്കെ പറഞ്ഞിരിക്കാമെല്ലോ. പുള്ളിയുടെ ഉറക്കം പോവുകയും ചെയ്യും.

തൃശ്ശൂരിൽ നിന്നും പത്തനംതിട്ട എത്താൻ ഏതാണ്ട് നാല് നാലര മണിക്കൂർ എടുക്കും. രാത്രി യാത്ര പൊതുവെ സുഖകരമാണ്.

ചെറിയ തണുപ്പും ഭാഗ്യമുണ്ടെങ്കിൽ ചെറിയ ചാറ്റ മഴയും ഒക്കെ കിട്ടും. തങ്കച്ചൻ  ചേട്ടൻ ആരുന്നു ബസിന്റെ സാരഥി. ഞങ്ങൾ കുറെ നേരം വർത്തമാനം ഒക്കെ പറഞ്ഞിരുന്നു.  സംസാരിക്കാൻ ഒരാളെ കിട്ടിയപ്പോ പുള്ളി ഒന്നുഷാറായതു പോലെ തോന്നി.

എപ്പഴാണെന്നു അറിയില്ല, മഴയുടെ തലോടലേറ്റു ഞാൻ ഒന്ന് മയങ്ങി. തങ്കച്ചൻ ചേട്ടന്റെ അടക്കി പിടിച്ച കരച്ചിൽ കേട്ടാണ് ഞാൻ ഉണർന്നത്. ചേട്ടൻ ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ടാരുന്നു.

“എന്താ ചേട്ടാ കാര്യം”? ഞാൻ ചോദിച്ചു.

വല്ലാത്തൊരു വിതുമ്പലോടെ ചേട്ടൻ പറഞ്ഞു.

"എൻ്റെ മോൻ ഒരു ബൈക്ക് ആക്‌സിഡൻ്റിൽ മരിച്ചു".

കുറച്ചു നേരത്തേക്ക് എന്ത് പറയണം എന്നറിയാതെ ഞാൻ ആകെ മരവിച്ചു പോയി. തങ്കച്ചൻ  ചേട്ടൻ നെഞ്ച് തടവുന്നുണ്ടായിരുന്നു. മഴ വെള്ളം കിടന്നിരുന്ന റോഡിൽ തെന്നി നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന ലോറിയുമായി കൂട്ടി ഇടിച്ചപ്പോഴാണ് എല്ലാം കൈ വിട്ടു പോയി എന്ന് ഞാൻ തിരിച്ചറിയുന്നത്. എങ്ങും നിലവിളി മാത്രമേ കേള്കുന്നുള്ളു. മുൻപിലെ ഗ്ലാസ്സിലോട്ട് തെറിച്ചു വീണ ഞാൻ കണ്ടത് ചേതനയറ്റ തങ്കച്ചൻ  ചേട്ടന്റെ ശരീരമാണ്. എൻ്റെ തല പൊട്ടി ചോര ഒഴുകുന്നുണ്ടായിരുന്നു. പ്രജ്ഞ മെല്ലെ മെല്ലെ എന്നിൽ നിന്നും അകലുന്നതു പോലെ ഒരു തോന്നൽ.

തലക്കു വല്ലാത്തൊരു ഭാരം. ആത്മാവ് ശരീരത്തിൽ നിന്നും പറിഞ്ഞു പോകുന്നതിന്റെ വേദന സഹിക്കാൻ പറ്റുന്നില്ല. ആകാശം നോക്കി ചോരയൊലിപ്പിച്ചു കിടക്കുമ്പോൾ കണ്ട കാഴ്ച, അവസാന നിമിഷത്തിൽ പോലും എന്നിൽ ഒരു തേങ്ങൽ ഉണർത്തി. വൈകുംനേരം ഞാൻ സഞ്ചരിച്ച ബസ്സിടിച് അപകടത്തിൽ പെട്ട ചെറുപ്പക്കാരന്റെ ആത്മാവ് തങ്കച്ചൻ  ചേട്ടനൊപ്പം നിൽക്കുന്നു. ഒരു പക്ഷെ, ചെറുപ്പക്കാരൻ തങ്കച്ചൻ ചേട്ടന്റെ മകനായിരികാം.

മറ്റൊരു ലോകത്തു, മരണങ്ങളുടെ പേരിൽ എൻ്റെ ആത്മാവ് പ്രതി കൂട്ടിൽ നിന്നേക്കാം.

"വല്ലാതെ ശ്വാസം മുട്ടുന്നു".

വിയർത്തു കുളിച്ചു് ഞെട്ടിയുണർന്നപ്പോൾ മാത്രമാണ് എല്ലാം ഒരു സ്വപ്നം ആയിരുന്നു എന്ന് മനസിലായത്. പുറത്തു നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. കാറ്റത്താടിയ കലണ്ടറിൽ ഇന്നത്തെ ദിവസം എന്നെ നോക്കി നെടുവീർപ്പിട്ടു. "അതെ, ഇന്നൊരു വെള്ളിയാഴ്ചയാണ്".





അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജന്മദിനാഘോഷം

ആത്‍മഹത്യ കുറിപ്പ്